Malayalam blog,kerala blog

logo img

INDIAN COMMUNISTS

nbook.in a4auto.com

         സീ പി എം കേന്ദ്ര കമ്മിറ്റിയിൽ കോൺഗ്രസ്സുമായി ഭാവിയിൽ എടുക്കേണ്ട സമീപനത്തെക്കുറിച്ചു  നടക്കുന്ന ചർച്ചയിൽ 33 പേർ കാരാട്ടിന്റെ കൂടെ ആണെന്നും 31 പേർ യെച്ചൂരിയുടെ കൂടെ ആണെന്നും മാധ്യമങ്ങൾ പറയുന്നു. അതിനെക്കുറിച്ചു ആണു ചാനലുകൾ ചർച്ച ചെയ്യുന്നതു. ഇതിൽ ആശയപരമോ സൈദ്ധാന്തികമായോ ഒന്നും ഇല്ലെന്നാണു തോന്നുന്നതു.

      ഈ ഭിന്നത അതിജീവനവും പുനർജ്ജീവനവും തമ്മിൽ ഉള്ള  പ്രാദേശികവും വ്യക്തി പരവും ആയ ഒരു തർക്കത്തിൽ നിന്നു മാത്രം ഉടലെടുക്കുന്നതാണു. ബംഗാളിലെ സീ പി എം മരിച്ച നിലയിൽ ആണു. അതിനു ഒരു ഉയർത്തെഴുനേൽപ്പു സാധ്യമായാലേ ബംഗാളിലെ സഖാക്കൾക്കു രക്ഷയുള്ളു. ബംഗാളിലെ സഖാക്കൾ ഒന്നു പച്ച പിടിച്ചാലേ യെച്ചൂരി എന്ന നേതാവിനു അസ്തിത്വം ഉള്ളു. അതിനുള്ള പണി അദ്ദേഹം എടുക്കുന്നു.

        കേരളത്തിലേക്കു വന്നാൽ സ്ഥിതി ആകെ മാറുന്നു. ഇവിടെ പാർട്ടി കഷ്ടി പിടിച്ചു നിൽക്കുന്നുണ്ടു. അതു കൊണ്ടു തന്നെ ആ സ്ഥിതി നില നിർത്തേണ്ടതുണ്ടു. അതിനു കോൺഗ്രസ്സുമായുള്ള ബന്ധം ദോഷമാകാനേ തരമുള്ളു. കേരളത്തിലെ സീ പി എം തകർന്നാൽ പിന്നെ കാരാട്ടു ആരാണു എന്നു ജനം ചോദിച്ചു തുടങ്ങും. അതു കൊണ്ടു തന്നെ കോൺഗ്രസ്സുമായുള്ള ബന്ധത്തെ കേരളത്തിലെ സീ പി എമ്മും കാരാട്ടും എതിർക്കുന്നു.

       പിന്നേയും ഉണ്ടു ഉപ തിരിവുകൾ. വടക്കൻ കേരളത്തിന്റെ പിടിയിലാണു കേരള സീ പി എം എന്നു ആർക്കും അറിയാം. അതു സഹിച്ചു നിൽക്കാൻ തെക്കുള്ള എല്ലാവർക്കും ആകില്ല. അങ്ങിനെ സഹിക്കാൻ പറ്റാത്തവർ ആണു വീ എസ്സും തോമസ്‌ ഐസക്കും. അവർ ചെറുതായി ഒന്നു മുരളുകയും ചെയ്തു കേന്ദ്ര കമിറ്റിയിൽ.

       ഇത്രയും ലളിതമാണു കാര്യങ്ങൾ എന്നു മനസ്സിലാകുന്ന മാനസിക വലിപ്പം നമ്മുടെ മാധ്യമ പ്രവർത്തകർക്കും ഇല്ല. അവരെ അവരാക്കിയതു സീ പി എം ആണല്ലോ. അവരുടെ കൂറും അവിടെത്തന്നെ. അതു കൊണ്ടു തന്നെ ഇതൊരു രാഷ്ട്രീയ ദാർശ്ശനിക സൈദ്ധന്തിക പ്രശ്നം ആക്കി അവതരിപ്പിക്കാൻ അവർക്കു താൽപര്യം ഏറും. അല്ലെങ്കിൽ അവർ വെറും കോട്ടു മുക്രികൾ ആകും.

      കോൺഗ്രസ്സു യെച്ചൂരിയുടെ കൂടെ ആണു. അതു സ്വാഭാവികം. അവർക്കു ഒരു കയ്യാളെ കിട്ടുന്നതു അവർ ഒഴിവാക്കുമോ? ബീ ജേ പി വക്താവു ഇന്നു ഒരു ചാനലിൽ കാരാട്ടു വിഭാഗത്തിനു വേണ്ടി നിരത്തിയ വാദ മുഖങ്ങൾ കാരാട്ടു പോലും മനസ്സിലാക്കാൻ ദിവസങ്ങൾ എടുക്കും. കോൺഗ്രസ്സുകാർ യെചൂരി പക്ഷത്തിന്റെ വക്താക്കൾ ആകുന്നതും ബീ ജേ പിക്കാർ കാരാട്ടു പക്ഷത്തിന്റെ വക്താക്കൾ ആകുന്നതും തികച്ചും സ്വാഭാവികം. താൽപര്യങ്ങളിലെ ഒരുമ. 

     ജന താൽപര്യം രാജ്യത്തിന്റെ ഭാവി മതേതരത്വം വ്യക്തി സ്വാതന്ത്ര്യം എന്നിങ്ങനെ ഒരു പാടു ഗുളികകകൾ വേറേ ഉണ്ടു. അവ ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ ഉള്ളതാണു.

Subscribe to our newsletter

We will shoot you the recent blogs right in to your inbox.