Malayalam blog,kerala blog

logo img

കലാലയ രാഷ്ട്രീയം 

nbook.in a4auto.com


കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ട എന്ന രീതിയിൽ കേരള ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ ഒരു ചർച്ചക്കു വഴി മരുന്നിട്ടതു നന്നായി. കാമ്പസ്സുകളിൽ രാഷ്ട്രീയം വേണ്ട എന്നും കുട്ടികൾ പഠിച്ചാൽ മതി എന്നും ഒക്കെ പറയുന്നതു തന്റെ മക്കൾ നാളെ ഒരു എഞ്ചിനീയർ ആകുമോ ഡോക്ടർ ആകുമോ എന്നൊക്കെ ചിന്തിക്കുന്ന ഒരു ശരാശരിക്കാരന്റെ വേവലാതി മാത്രം ആയി കണക്കാക്കാവുന്നതേ ഉള്ളു. 
പക്ഷേ കലാലയങ്ങളിലെ രാഷ്ട്രീയം എന്ന ആശയത്തെ കോടതിയും ഒരു പാടു പേരും പ്രായോഗിക തലത്തിൽ ഒരു പാടു കാലത്തെ അനുഭവം കോണ്ടു മനസ്സിലാക്കി എന്ന കാര്യവും വിസ്മരിച്ചു കൂടാ. നമ്മുടെ കലാലയങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങൾ ആയി രാഷ്ട്രീയ പ്രവർത്തനം എന്ന പേരിൽ നടക്കുന്നതു എന്താണു? ഒരു തരത്തിൽ ഉള്ള സർഗ്ഗാത്മവും സാർത്ഥകവും ആയ രാഷ്ട്രീയ ചർച്ചകളോ ഇടപെടലുകളോ അവിടങ്ങളിൽ നടക്കുന്നില്ല. മറിച്ചു അവിടങ്ങളിൽ നടക്കുന്നതു മറ്റൊരു കാര്യമാണു. കുറേ സംഘടിത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ആയ കൂട്ടിക്കുരങ്ങുകൾ അവരുടെ മൂപ്പന്മാർ പറയുന്നതനുസരിച്ച്‌ സമരങ്ങൾ സംഘടിപ്പിക്കുന്നു പ്രതിഷേധങ്ങൾ ഉയർത്തുന്നു പഠിപ്പു മുടക്കുന്നു അത്ര തന്നെ. അവിടേയും നിൽക്കുന്നില്ല കാര്യങ്ങൾ. തങ്ങളുടെ മൂപ്പന്മാരുടെ കായിക ബലം ഉപയോഗിച്ചു എതിർ പക്ഷത്തുള്ളവരെ അടിച്ചും ഭീഷണിപ്പെടുത്തിയും ചില കോളെജുകൾ എങ്കിലും തങ്ങളുടെ പൊന്നാപുരം കോട്ടകൾ ആക്കുകയും ചെയ്യുന്നു ഈ മാക്രികൾ. തികച്ചു ഫാസിസമാണു പല കോളെജുകളിലും നടപ്പാക്കപ്പെടുന്നതു. ഇതൊക്കെ വലിയ വിജയങ്ങൾ ആയി കൊണ്ടാടപ്പെടുന്നും ഉണ്ടു. ഇതാണു രാഷ്ട്രീയ പ്രവർത്തനം എന്നു മനസ്സിലാക്കി ഇതിനെ തടയിടാൻ കോടതി തുനിഞ്ഞെങ്കിൽ അതിനെ കുറ്റം പറയാൻ പറ്റില്ല. 
രാഷ്ട്രീയ ബോധം ഇല്ലാതെ ഒരു യുവതയും വളർന്നു കൂട. രാഷ്ട്രീയ സംവാദങ്ങൾക്കു ഇടമില്ലാത്ത കലാലയങ്ങളിൽ നിന്നു പുറത്തിറങ്ങുന്നവർ വെറും ഇറച്ചിക്കോഴികൾ ആകും. ആവശ്യമുള്ളപ്പോൾ അറുത്തു തിന്നാം എന്നതിൽ കവിഞ്ഞു ഇവരെക്കൊണ്ടു സമൂഹത്തിനു ഒരു പ്രയോജനവും ഉണ്ടാകില്ല.
കക്ഷി രാഷ്ട്രീയത്തിനു അപ്പുറം സ്വതന്ത്രമായ രാഷ്ട്രീയ സംവാദങ്ങൾക്കും ഇടപെടലുകൾക്കും പ്രവർത്തനങ്ങൾക്കും ഉള്ള ഇടങ്ങൾ ആകണം കലാലയങ്ങൾ. അതിനുള്ള സംവിധാനം നമ്മുടെ ഭരണകൂടവും പ്രതി പക്ഷവും കൂടി ഉണ്ടാക്കണം. അതിനു ഒരു നിയമ നിർമ്മാണം വേണമെങ്കിൽ ആകാം. വിദ്യാർത്ഥികൾ ഗാന്ധിജിയെക്കുറിച്ചും മാർക്ക്സിനെക്കുറിച്ചും റസ്സലിനെക്കുറിച്ചും ലിങ്കണെക്കുറിച്ചും ഒക്കെ ചർച്ച ചെയ്യട്ടെ. ഉമ്മൻ ചാണ്ടിയെക്കുറിച്ചും പിണറായിയെ കുറിച്ചും കുമ്മനത്തെക്കുറിച്ചും അവർ വേവലാതിപ്പെടാതിരിക്കട്ടെ.

By Saidali Kutty

Subscribe to our newsletter

We will shoot you the recent blogs right in to your inbox.